പെരിന്തൽമണ്ണ: കുന്നപ്പള്ളി കളത്തിലക്കരയിൽ പെരിന്തൽമണ്ണ നഗരസഭയുടെ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ ഇനി പന്തുരുളും. ഇവിടെ മനോഹരമായ മൈതാനം ഒരുങ്ങി. ഏറെക്കാലമായുള്ള സ്പോർട്സ് പ്രേമികളുടെ ആഗ്രഹമായിരുന്നു ഇത്. മുനിസിപ്പാലിറ്റി അനുവദിച്ച സ്ഥലത്ത് സഹൃദയ ക്ലബിന് കീഴിൽ നിർമിക്കുന്ന ഗ്രൗണ്ടിന്റെ ഉദ്ഘാടനം നജീബ് കാന്തപുരം എംഎൽഎ ആദ്യ കിക്കോഫ് നടത്തി നിർവഹിച്ചു.
നഗരസഭാധ്യക്ഷ പച്ചീരി സുരയ്യ ഫാറൂഖ് അധ്യക്ഷത വഹിച്ചു. പ്രദേശത്തെ യുഡിഎഫ് വാർഡ് കൗണ്‍സിലർമാരായ മുഹമ്മദ് ഫാസിൽ, നസീമ ഫിറോസ് എന്നിവരുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഈ മൈതാനം.
നഗരസഭയുടെ ആദ്യ കൗണ്‍സിലിൽ തന്നെ മൈതാനത്തിന് അനുമതി നൽകിയിരുന്നു. സഹൃദയ ക്ലബിന്റെയും കളത്തിലക്കരയിലെ കായിക പ്രേമികളുടെയും ഒരുപാട് കാലത്തെ സ്വപ്നമാണ് ഇതിലൂടെ സാക്ഷാത്കരിച്ചത്. മുൻ ഭരണസമിതിയുടെ കാലത്ത് മൈതാനത്തിന്റെ പ്രവൃത്തികൾ തുടങ്ങിയെങ്കിലും ഒരു ലക്ഷത്തോളം രൂപ പിഴ അടയ്ക്കേണ്ടി വന്നു. പ്രവൃത്തി പിന്നീട് നിർത്തിവച്ചു. മൈതാനത്തിന്റെ വിപുലീകരണത്തിന് നജീബ് കാന്തപുരം എംഎൽഎയും നഗരസഭയും ഫണ്ട് അനുവദിച്ചിട്ടുണ്ട്.